Friday, December 3, 2021

മോന്‍സണ്‍ ഫാക്ടറിയിലെ പൈതൃക നിര്‍മാണവും ഉമ്പര്‍തോ എക്കോയുടെ കുരിശും

- Advertisement -spot_imgspot_img
- Advertisement -spot_imgspot_img
Monson 4

മോന്‍സണ്‍ ഫാക്ടറിയിലെ
പൈതൃക നിര്‍മാണവും
ഉമ്പര്‍തോ എക്കോയുടെ കുരിശും

മോന്‍സണ്‍ എന്ന ഒറ്റയാളിലോ, അയാളാല്‍ വഞ്ചിതരാക്കപ്പെടാന്‍ നിന്ന് കൊടുത്ത താരമൂല്യമുള്ള വ്യക്തികളിലോ ചുറ്റിപ്പറ്റി ഈ ചര്‍ച്ചകള്‍ നിര്‍ത്തുകയല്ല വേണ്ടത്. ഇപ്പോള്‍ തന്നെ നിരവധി മോന്‍സണ്‍മാര്‍ ഉണ്ടുതാനും. ചിലപ്പോള്‍ ഒന്നുരണ്ട് തലമുറകള്‍ കഴിയുമ്പോള്‍, മുമ്പെങ്ങോ വാങ്ങിയ ഉരുപ്പടി പറച്ചിലിലൂടെയും നിരന്തര കാഴ്ചയിലൂടെയും യഥാര്‍ഥ വസ്തുവായി മറുപിറവി കൊള്ളും. വാസ്തവത്തില്‍ ഇവിടുത്തെ പ്രശ്‌നം കപട പൈതൃക വസ്തുക്കളെ ഉപയോഗിച്ച് കപടമായ ഓര്‍മകളെ സൃഷ്ടിക്കുന്നതാണ്. ഇങ്ങനെ നിര്‍മിക്കപ്പെടുന്ന വക്രീകരിക്കപ്പെട്ട ഓര്‍മകള്‍ കാലക്രമേണ ചരിത്രമായും സമൂഹത്തിന്റെ പൊതുബോധമായും മാറാനിടയുണ്ട്.

30 Sep 2021, 09:41 AM

ഡോ. സെബാസ്റ്റ്യൻ ജോസഫ്

ലിജോ സെബാസ്റ്റ്യൻ

‘I have seen many other fragments of the cross, in other churches. If all were genuine, our Lord’s torment could not have been on a couple of planks nailed together, but on an entire forest.’
– Umberto Eco,  Name of the Rose 
(കുരിശിന്റെ കുറെയേറെ ശേഷിപ്പുകള്‍ മറ്റനേകം പള്ളികളിലും ഞാന്‍ കണ്ടിട്ടുണ്ട്. അവയെല്ലാം യഥാര്‍ത്ഥമാണെങ്കില്‍ നമ്മുടെ കര്‍ത്താവിന്റെ പീഡാസഹനം ആണിയടിച്ച രണ്ട് പലകകളിലായിരിക്കില്ല, മറിച്ച് ഒരു വനത്തിലെ മരം മുഴുവന്‍ വേണമായിരുന്നതിന്).

രുപതാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷം ഉയര്‍ന്നുവന്ന ഒരു വ്യവസായ സംസ്‌കാര ആശയമാണ്  പൈതൃക സംസ്‌കാര ദൃശ്യവിസ്മയം സൃഷ്ടിക്കലും അവയുടെ വാണിജ്യ പ്രചാരണ തന്ത്രങ്ങളും. ചരിത്ര പഠനങ്ങളെ പിന്തള്ളി ജനപ്രിയ വിപണന മൂല്യമുള്ള പൈതൃക രൂപങ്ങളെ ഗതകാല സുവര്‍ണ സ്മാരകങ്ങളാക്കി മാറ്റാന്‍ പൈതൃക വ്യവസായ ശക്തികള്‍ക്ക് സാധിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളെ വിവിധ സ്രോതസുകളുടെ വിശകലനത്തിലൂടെ പഠിച്ച് വാഖ്യാനിക്കുന്ന ചരിത്രത്തെക്കാള്‍ എന്തുകൊണ്ടും മനുഷ്യനു ഹരം പകരുന്ന പൈതൃക തിരുശേഷിപ്പുകള്‍ കാണാനും ആസ്വദിക്കുവാനും അനേകായിരങ്ങളെ ലഭിച്ചു തുടങ്ങിയെന്നത്, ഭൂതകാലത്തിന്റെ ചരിത്രപരതയെ വിട്ട് വെറും ഗൃഹാതുരത്വത്തെ ഊട്ടിയുറപ്പിക്കുന്ന സംസ്‌കാര വ്യവസായ തന്ത്രങ്ങളെത്തന്നെയാണ് സൂചിപ്പിക്കുന്നത്.

ക്രിസ്തുവിനെ കുരിശേറ്റിയ യഥാര്‍ഥ കുരിശിന്റേത് എന്ന് വിശ്വസിക്കപ്പെടുന്ന അവശേഷിപ്പുകള്‍. വിയന്നയിലെ ഇംപീരിയല്‍ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
ക്രിസ്തുവിനെ കുരിശേറ്റിയ യഥാര്‍ഥ കുരിശിന്റേത് എന്ന് വിശ്വസിക്കപ്പെടുന്ന അവശേഷിപ്പുകള്‍. വിയന്നയിലെ ഇംപീരിയല്‍ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്നു. / Photo: Wikimedia Commons

തടിച്ചുകൊഴുക്കുന്ന പൈതൃക വ്യവസായം

മോന്‍സണ്‍ മാവുങ്കല്‍ എന്ന പുരാവസ്തുതട്ടിപ്പ് വിദഗ്ധനെ സൃഷ്ടിച്ചത് വളര്‍ന്നു പന്തലിച്ച പൈതൃക വ്യവസായ മേഖലയും, ഇത്തരം ഉല്‍പന്നങ്ങളുടെ സ്വന്തമാക്കല്‍ ഒരു ഹോബിയായി സ്വീകരിച്ച സമ്പന്ന വര്‍ഗത്തില്‍ പെട്ടവരുമാണ്. പുരാവസ്തുശാസ്ത്രമോ, ചരിത്രമോ ഇവര്‍ക്കറിയണമെന്ന യാതൊരു നിബന്ധനയും ഈ സമാഹരണഭ്രമത്തിനു പിന്നിലില്ല. തങ്ങളുടെ സമ്പത്തും സാമൂഹിക പ്രൗഡിയും ഊട്ടിയുറപ്പിക്കുന്ന ഒരു വാളോ, കിരീടമോ, ആനക്കൊമ്പോ മുറ്റത്തു കിടക്കുന്ന ആഡംബര കാറിനൊപ്പം കൂട്ടിച്ചേര്‍ക്കുക എന്ന സാമാന്യ ചിന്ത മാത്രമാണിതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകം. പൈതൃകമെന്നത് പണ്ടെങ്ങോ ഒരു രാജാവ് യുദ്ധത്തില്‍ ഉപയോഗിച്ച വാളോ, അതുമല്ലെങ്കില്‍ ഒരു മെതിയടിയോ ആകണമെന്നു മാത്രം. ഇവിടെയാണ് പൈതൃക കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും തെരഞ്ഞെടുപ്പുകള്‍ ചില വരേണ്യ / സുവര്‍ണകാലത്തിന്റെ ഓര്‍മകള്‍ മാത്രമായി മാറുന്നത്.

സുവര്‍ണ കാലഘട്ടത്തിന്റെ ചരിത്രത്തില്‍ കര്‍ഷകര്‍ ഉപയോഗിച്ച കലപ്പയും, സ്ത്രീകളുടെ കറിക്കത്തിയും, കുട്ടികളുടെ കളിപ്പാട്ടങ്ങളും പൈതൃക വ്യവസായ സംരംഭകര്‍ക്ക് വെറും ആക്രി സാധനങ്ങള്‍ മാത്രമായി മാറുന്നു. തങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന ഭ്രമാത്മക ഭൂതകാലത്തിന്റെ ഹരം പിടിപ്പിക്കുന്ന വസ്തുക്കള്‍ ഇവര്‍ക്ക് വെറും വില്‍പ്പനചരക്കു മാത്രമാണ്. നിരന്തരമായ ഗവേഷണത്തിലൂടെ ചരിത്രകാരന്മാര്‍ കണ്ടെത്തുന്ന ഭൂതകാലമോ, പുരാവസ്തു പഠിതാക്കളുടെ നിഗമനങ്ങളോ, ഈ പൈതൃക വ്യവസായത്തിന് വിഷയമേ അല്ല. പുരാവസ്തു വിദഗ്ധര്‍ എന്നവകാശപ്പെട്ടുവരുന്ന ആളുകളുടെ യോഗ്യത, മേഖലയിലെ പ്രാവീണ്യം, അവര്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന വസ്തുക്കളുടെ ആധികാരികത എന്നിവയൊന്നും ഒരുതരത്തിലുള്ള ചോദ്യം ചെയ്യലിനും വിധേയമാകുന്നില്ല.

ALSO READ

തട്ടിപ്പുകാരന്റെ കൂടാരത്തിലെ ചിത്രമെടുപ്പ്​ അത്ര നിഷ്​കളങ്കമല്ല

പൊതുപ്രവര്‍ത്തകര്‍, സാംസ്‌കാരിക മേഖലയിലുള്ളവര്‍ തുടങ്ങി ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പുരാവസ്തു “വിദഗ്ധന്റെ വൈദഗ്ധ്യ’ത്തിനു മുന്നില്‍ ചരിത്രബോധം മുഴുവനും പണയപ്പെടുത്തി സ്വയം വിഡ്ഢികളാവുന്നത് കേരളം മുഴുവന്‍ കണ്ടതാണ്. മിത്തും ചരിത്രവും തമ്മിലുള്ള അന്തരമോ, വസ്തുതയും പൊള്ളവാദങ്ങളും തമ്മിലുള്ള വ്യത്യാസമോ തിരിച്ചറിയാന്‍ കൂടി ഇവര്‍ക്ക് കഴിയുന്നില്ല. വരേണ്യ മനുഷ്യര്‍ക്ക് തങ്ങളുടെ പ്രൗഢിയും മറ്റുള്ളവരില്‍ നിന്നുള്ള വ്യതിരിക്തയും പ്രദര്‍ശിപ്പിക്കാനുതകുന്ന ഉത്തമ ഉപാധികളാവുകയാണ് പഴമയുടെ തിരുശേഷിപ്പുകള്‍ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍.

മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും.
മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും.

പുരാവസ്തുക്കൊള്ള തകൃതി

ആഗോള തലത്തില്‍ കള്ളക്കടത്ത് നടക്കുന്ന വസ്തുക്കളില്‍ ആദ്യ അഞ്ചില്‍ ഒന്നാണ് പൈതൃക/പുരാവസ്തുക്കള്‍. മിത്തും ഭൂതകാലവും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത വിധം ബോധക്ഷയം സംഭവിച്ച ആളുകളാണ് ഈ കച്ചവട തട്ടിപ്പിന്റെ മുഖ്യ ഇരകള്‍. പൈതൃക വസ്തുക്കള്‍ എന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ യുനെസ്‌കോ ഈ വര്‍ഷം ജൂണില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദശലക്ഷം യൂറോ മൂല്യം വരുന്ന വസ്തുക്കള്‍ ഇതിനകം ആഫ്രിക്കയില്‍ നിന്നുമാത്രം  മോഷ്ടിക്കപ്പെട്ട് യുനെസ്‌കോ അംഗീകൃത വ്യാപാരികള്‍ എന്ന വ്യാജേന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍ക്കപ്പെടുന്നുണ്ടത്രേ. മധ്യപൂര്‍വ നാടുകളിലെ യുദ്ധ ബാധിത പ്രദേശങ്ങളില്‍ വലിയ തോതിലുള്ള പുരാവസ്തു കൊള്ളകള്‍ നടക്കുന്നതായും യുനെസ്‌കോ റിപ്പോര്‍ട്ടിലുണ്ട്. വര്‍ഷാവര്‍ഷം 600- 800 കോടി ഡോളര്‍ വിലമതിക്കുന്ന 50,000ഓളം മ്യൂസിയം കലാപ്രദര്‍ശന വസ്തുക്കള്‍ കളവുപോകുന്നുണ്ടെന്നാണ് കണക്ക്.

ഇന്ത്യയെ സംബന്ധിച്ച് ഇത്തരം പൈതൃക/പുരാവസ്തു കൊള്ളകള്‍ക്ക് നീണ്ടകാലത്തെ ചരിത്രം ഉണ്ടുതാനും. കൊളോണിയല്‍ കാലത്ത് ആരംഭിച്ച കൊള്ളകളുടെ തുടര്‍ച്ചയാണ് ഇപ്പോഴും യഥേഷ്ടം നടക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തിക ലാഭത്തിനുമേല്‍ നടത്തുന്ന തട്ടിപ്പുകളില്‍ നിന്ന് ഭിന്നമായി കൊളോണിയല്‍ കാലത്ത് അധീശത്വ ഭരണകൂടം തദ്ദേശീയ ജനതക്കുമേല്‍ നേടുന്ന ആധിപത്യത്തിന്റെ ഭാഗമായാണ് കൊള്ളകള്‍ നടത്തിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വലിയ കവര്‍ച്ചകള്‍ക്ക് കുറവുണ്ടായില്ല.
1965നും 1970നും ഇടക്ക് നൂറിനുമേല്‍ കല്‍ശില്പങ്ങളാണ് മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. കടുത്ത സുരക്ഷയുള്ള ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ നിന്നുപോലും 1968ല്‍ 125 പൈതൃക സ്വഭാവമുള്ള ആഭരണങ്ങളും 32 സ്വര്‍ണനാണയങ്ങളും മോഷ്ടിക്കപ്പെടുകയുണ്ടായി. പടിഞ്ഞാറന്‍ നാടുകളിലേക്ക്  കടത്തുന്ന ഇത്തരം ഉരുപ്പടികള്‍ അവിടെയുള്ള ഏതെങ്കിലും മ്യൂസിയങ്ങളില്‍ വ്യാജ രേഖകളോടെ പ്രദര്‍ശിപ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ജനതയുടെ പൈതൃക/സാംസ്‌കാരിക ചിഹ്നങ്ങളും ഓര്‍മകളും പേറുന്ന വസ്തുക്കളുടെ മേലുള്ള കൊള്ള ലോകമാസകലം പടര്‍ന്ന് പിടിച്ചിരിക്കുന്ന തീവ്രവാദ സ്വഭാവമുള്ള കൂട്ടങ്ങളുമായി പോലും ബന്ധമുള്ളതാണ്.

തെരഞ്ഞെടുപ്പിന്റെ  സൂക്ഷ്മ രാഷ്ട്രീയം

കരവിരുത്, ഉപയോഗിച്ചിരിക്കുന്ന നിര്‍മാണവസ്തു, ശില്പഭംഗി, ലഭ്യത, കാലപ്പഴക്കം എന്നിവയനുസരിച്ച് വിലയേറുകയും കുറയുകയും ചെയ്യുന്നവയാണ് പുരാവസ്തുക്കള്‍ എന്നു പറയുമ്പോഴും അവയുടെ മൂല്യം യാഥാര്‍ഥത്തില്‍ നിര്‍ണയിക്കുന്നത് ഈ വസ്തുക്കള്‍ എങ്ങനെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതനുസരിച്ചാണ്. തലമുറകള്‍ക്ക് വേണ്ടി സംഭരിക്കപ്പെട്ടിരിക്കുന്ന ഓര്‍മപ്പൊതികളായി ഓരോ പുരാവസ്തുവും പൊതുബോധത്തില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. പുരാവസ്തു കാണാന്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അല്ലെങ്കില്‍ ലഭ്യമാകുന്ന ഇടമായ മ്യൂസിയവും, ആര്‍ട്ട് ഗാലറിയും അവിടെ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ക്ക് സവിശേഷമായ വിശുദ്ധീകരണവും, ആധികാരികതയും നല്കുന്ന ഇടങ്ങളാണ്. നിശ്ശബ്ദമായി, സാവധാനം മെല്ലെ നടന്നു നീങ്ങേണ്ടതെന്ന് പൊതുവില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഈ ഇടങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന വസ്തുക്കള്‍ക്ക് സവിശേഷമായ വൈശിഷ്ട്യം കല്‍പ്പിച്ചു നല്‍കുന്നുണ്ട്. മുന്‍കാല സത്യത്തിന്റെ ഭൗതികമായ ദൃശ്യരൂപമെന്ന നിലക്കാണ് അവ പരിഗണിക്കപ്പെടുന്നത്. ബഹുഭൂരിപക്ഷത്തിനും അവ എങ്ങോ പോയിമറഞ്ഞ  പ്രാചീനതയുടെ സാക്ഷ്യവും, സൂചകവുമാണ്. അത് സാമൂഹിക ചരിത്ര ഓര്‍മകളുടെ ശേഖരവും പ്രദര്‍ശനവുമാണ്. ഒരേ വസ്തു മ്യൂസിയമെന്ന ഇടത്തിന് വെളിയില്‍ ഒരു പ്രാധാന്യവും ലഭിക്കാതെ ഇരിക്കുമ്പോള്‍ അകത്തതിന് മുമ്പെങ്ങുമില്ലാത്ത മൂല്യത്തിലേക്ക് പരകായ പ്രവേശനം ചെയ്യാന്‍ സാധിക്കുന്നു. ഇത്തരം പ്രദര്‍ശന കേന്ദ്രങ്ങളില്‍  വസ്തുക്കളെ അവയുടെ ജൈവിക പരിസരത്തുനിന്ന് മാറ്റി വ്യത്യസ്തമായ ഒരു നോട്ടത്തിന് വിധേയമാക്കുകയാണ്.
ഏതൊക്കെ വസ്തുക്കളും രേഖകളുമാണ് തിരഞ്ഞെടുക്കപ്പെടുന്നത്, അവ എങ്ങനെയാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്, അവക്ക് നല്‍കുന്ന സവിശേഷമായ വിശദീകരണം എന്നിവയെല്ലാം അത്ര സ്വാഭാവികമായി സംഭവിക്കുന്നത് അല്ല. ഈ തിരഞ്ഞെടുപ്പുകളും നല്‍കപ്പെടുന്ന വിവരണങ്ങളും എല്ലാം ഓരോ കാലത്തെയും അധീശത്വബോധത്തിന് അനുസൃതമായിട്ടായിരിക്കും സൃഷ്ടിക്കപ്പെടുക. അങ്ങനെ വരുമ്പോള്‍ അകത്തേക്ക് പ്രവേശിക്കാന്‍ തക്ക വിധത്തില്‍ ഒരു വസ്തുവിനെ യോഗ്യമാക്കുന്ന മാനദണ്ഡങ്ങള്‍ ഓര്‍മകളുടെ മായികക്കാഴ്ചകള്‍ക്കപ്പുറം സൂക്ഷ്മരാഷ്ട്രീയത്തിന്റേത് കൂടിയാണ്.

പൈതൃകം പ്രചരിക്കപ്പെടുന്നത് അക്കാദമിക ചരിത്ര മേഖലയിലല്ല. പൈതൃക വ്യവസായ സംരംഭങ്ങള്‍ ചില വസ്തുക്കളെയും ഓര്‍മകളെയും പെരുപ്പിച്ചു കാണിച്ച് ആധിപത്യ സ്വഭാവമുള്ള പുരാവസ്തുക്കളും മറ്റു രേഖകളും നേര്‍രേഖീയമായ രീതിയില്‍ ഒരു കഥ പറയുന്ന രീതിയില്‍ അവതരിപ്പിക്കുന്നു. ഇതിനു മുമ്പുള്ള മ്യൂസിയങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍ തെളിവാകുന്നതും അധികാരവര്‍ഗത്തിന്റെ ആശയ പ്രചാരണ ഉപാധിയായി മ്യൂസിയങ്ങള്‍ മാറിയെന്നതാണ്. കൊളോണിയല്‍ കാലഘട്ടങ്ങളിലെ മ്യൂസിയങ്ങളില്‍ പ്രസരിക്കപ്പെട്ട ആശയം വെളളക്കാരന്റെ സംസ്‌കാര അധീശത്വവും മറ്റെന്തിനെയും അപരവല്‍ക്കരിക്കുന്ന രാഷ്ട്രീയ സങ്കല്‍പ്പനങ്ങളുമാണ്. ഇതിന്റെ പിന്തുടര്‍ച്ചയെന്ന രീതിയില്‍ ഇന്ത്യയെപ്പോലെയുളള മൂന്നാം ലോകരാജ്യങ്ങളിലെ മ്യൂസിയങ്ങളിലും ദേശമഹാത്മ്യം വിളിച്ചോതുന്ന മുഖ്യധാരാ ചരിത്രത്തിന്റെ കാഴ്ചവസ്തുക്കളായി മ്യൂസിയങ്ങള്‍ മാറിയിട്ടുണ്ട്. പുരോഗതിയുടെ കഥ പറഞ്ഞ മ്യൂസിയങ്ങള്‍ വികസനത്തിന്റെ കഥ പറയുന്ന അവസ്ഥയിലായി എന്നു സാരം.

മൂന്നാറിലെ സ്വകാര്യ മ്യൂസിയത്തിലെ ചുവരുകളില്‍ വെള്ളക്കാര്‍ വെടിവച്ചിട്ട മൃഗങ്ങളുടെ സ്റ്റഫ് ചെയ്ത ട്രോഫികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കാണം. കടുവയെ ഒരു ബ്രിട്ടീഷുകാരനെപ്പോലെ (ധീരനായി) നേരിട്ട വെള്ളക്കാരനോട് കാഴ്ചക്കാര്‍ക്ക് ആരാധ തോന്നാറുണ്ടിപ്പോഴും. ഇത്  സൂചിപ്പിക്കുന്നത്, മ്യൂസിയങ്ങളുടെ വീര ചരിത്രപ്രദര്‍ശനത്തശയത്തെ തന്നെയാണ്. ഈ വീരത്വം തന്നെയാണ് പുരാവസ്തുക്കളുടെ വിപണന സാധ്യതയെന്ന തിരിച്ചറിവാണ് പുരാവസ്തു വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കുന്നത്. പുരാവസ്തുക്കളുടെ കള്ളക്കടത്തും, കൃത്രിമ പുരാവസ്തു നിര്‍മാണവുമെല്ലാം ചരിത്രത്തിനു പകരം മനുഷ്യരെ കീഴടക്കിയിരിക്കുന്ന വീരപൈതൃക ആശയങ്ങളുടെ സൃഷ്ടിയാണ്.

ഒരു സമൂഹത്തിന്റെ ജ്ഞാനോല്പാദനം, ചരിത്രബോധ നിര്‍മിതി എന്നിവയില്‍ മ്യൂസിയം പോലുള്ള സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഭരണവര്‍ഗത്തിന്റെ വിജയ പ്രഘോഷണങ്ങള്‍ മാത്രം പ്രദര്‍ശനാര്‍ഹമാകുന്ന ഇടത്തിന്റെ രാഷ്ട്രീയമാണ് മ്യൂസിയങ്ങള്‍ക്ക് പൊതുവില്‍, ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും. ഒരു നാടിന്റെ / ജനതയുടെ പൈതൃക ഭവനകളെയും ചരിത്ര ബോധത്തെയും ഒഴിവാക്കിയും, കൂട്ടിച്ചേര്‍ത്തും ക്രോഡീകരിച്ച് ക്ലിപ്തപ്പെടുത്തുകയാണ് ഇവിടെ. ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഔദ്യോഗികമായ സാധൂകരണ ശേഷി പ്രദാനം ചെയ്യുന്ന മറ്റൊരു സ്ഥാപനം വേറെ ഉണ്ടാവില്ല. ഭരണകൂടങ്ങള്‍ അവശ്യം വേണ്ട സാംസ്‌കാരിക മൂലധനം കണ്ടെത്തുന്നത് ഇത്തരം പ്രദര്‍ശന കേന്ദ്രങ്ങളിലൂടെയാണ്.

തങ്ങള്‍ക്കനുകൂലമായ ചരിത്ര ഭൂതകാല സ്മരണകള്‍ നിര്‍മിക്കുക എന്നത് പൊതുവില്‍ എല്ലാ ഭരണകൂടങ്ങളും ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുള്ള സംഗതിയാണ്. ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു നാട്ടില്‍ ചരിത്രഭാവനയെ അതത് കാലത്തെ രാഷ്ട്രീയാവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് ചിട്ടപ്പെടുത്തിയും, നാനാവിധത്തിലുള്ള ഉപദേശിയതകളെ വിവിധ കള്ളികളില്‍ പ്രതിഷ്ഠിച്ചും ബൃഹദ് ദേശ രാഷ്ട്ര ഭാവനയിലേക്ക് സന്നിവേശിപ്പിക്കുകയാണ്. വൈവിധ്യം നിറഞ്ഞ വ്യത്യസ്ത വസ്തുക്കള്‍ യഥാര്‍ഥത്തില്‍ തുറന്ന സംവാദങ്ങളുടെ ഇടങ്ങള്‍ ആവേണ്ടതിനുപകരം അറിവ് നിര്‍മിക്കുന്ന, നിര്‍മിച്ച അറിവിനെ സാധൂകരിക്കുന്ന കേന്ദ്രങ്ങളായി മാറുകയാണ്. പ്രദര്‍ശന വിന്യാസത്തിലും സാങ്കേതികമികവിലും മേന്മ കൂടി പുലര്‍ത്തുന്നതിലൂടെ   ഈ സ്ഥലങ്ങള്‍ അലംഘനീയമായ അറിവ് പ്രദാനം ചെയ്യുന്ന ഇടങ്ങളായി മാറുന്നു.

ലൂവ്ര് മ്യൂസിയം, പാരിസ്
ലൂവ്ര് മ്യൂസിയം, പാരിസ്

പൈതൃക മ്യൂസിയങ്ങള്‍ എന്ന വ്യവസായ ഹബ്ബുകള്‍

ഈ സഹസ്രാബ്ദത്തിലെ രണ്ട് ദശകങ്ങളുടെ കണക്ക് മാത്രം നോക്കിയാല്‍ ലോകത്തില്‍ മ്യൂസിയങ്ങളുടെ എണ്ണം കാല്‍ലക്ഷത്തില്‍ നിന്ന് ഇരട്ടിക്കുമേല്‍ വര്‍ധിച്ചിട്ടുണ്ട്. ആഗോള ശക്തിയാകാന്‍ കുതിക്കുന്ന ചൈനയില്‍ മാത്രം നാലായിരത്തോളം മ്യൂസിയങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. ലോകപ്രശസ്ത മ്യൂസിയമായ ഫ്രാന്‍സിലെ ലൂവ്രില്‍ കോവിഡിന് മുന്‍പുള്ള ഒരു ദശാബ്ദക്കാലത്തെ കണക്ക് നോക്കിയാല്‍ എല്ലാ വര്‍ഷവും ഒരു കോടിക്ക് അടുത്താളുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 2018ല്‍ സന്ദര്‍ശകരുടെ എണ്ണം ഒരു കോടിക്ക് മേലെ പോവുകയും ചെയ്തു. കോവിഡ് 19നുതൊട്ടുമുന്‍പ് ലോകത്തെ നൂറ് പ്രധാന മ്യൂസിയങ്ങളിലെ സന്ദര്‍ശകരുടെ എണ്ണം 230 ദശലക്ഷമായിരുന്നു. മിക്കവാറും കായികമത്സരങ്ങളുടെ സ്റ്റേഡിയം പ്രേക്ഷകരെക്കാളും അധികമാളുകളുണ്ട് ഈ സന്ദര്‍ശകരുടെ എണ്ണത്തിന്റെ കണക്കില്‍. ഭരണകൂട നിര്‍മിതികളായിരുന്നു ഇന്ത്യയിലെ ആദ്യകാല മ്യൂസിയങ്ങാെക്കെയും. ഏഷ്യാറ്റിക്ക് സൊസൈറ്റി ഓഫ് ബംഗാള്‍ 1814ല്‍ ആരംഭിച്ച ഇന്ത്യന്‍ മ്യൂസിയമാണ് ഇന്ത്യയിലെ ആദ്യ മ്യൂസിയം. 1855ല്‍ സ്ഥാപിക്കപ്പെട്ടതും, പിന്നീട് 1872ല്‍ മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന നേപ്പിയറിന്റെ പേരില്‍ പുനര്‍നാമകരണം നടത്തപ്പെട്ടതുമായ തിരുവനന്തപുരം മ്യൂസിയമായിരുന്നു കേരളത്തില്‍ ആദ്യത്തേത്. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യകാല മ്യൂസിയങ്ങള്‍ക്കും അപ്പുറം സ്വകാര്യ മേഖലയില്‍ ഇന്ന് ധാരാളം മ്യൂസിയങ്ങള്‍ തഴച്ചു വളരുന്നുണ്ട്.

കൂണുപോലെ മുളച്ചു വന്നിരിക്കുന്ന പൈതൃക മ്യൂസിയങ്ങള്‍ ഒരു തരത്തില്‍ വ്യവസായ ഹബ്ബുകളായി മാറിയിരിക്കുകയാണ്. ഇവിടെ പൈതൃകം എന്നത് ഉപഭോക്താവിന്റെ ഇഷ്ടത്തിനും രുചിക്കുമനുസരിച്ചുള്ള കമ്പോള ചരക്കായി മാറുന്നു. ഇതിനോടൊത്തു നില്‍ക്കുന്ന പ്രബല വ്യവസായമായ ടൂറിസത്തിനും വേണ്ടത് സുവര്‍ണകാലബോധ നിര്‍മ്മിതി തന്നെയാണ്. ഇവ രണ്ടും പരസ്പരം ഊര്‍ജ്ജം പകരുന്ന രണ്ടു വ്യവസായങ്ങളായി മാറിയിരിക്കുന്നു. ഇവ രണ്ടും നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്നതും അയഥാര്‍ത്ഥമായ ഭൂത / വര്‍ത്തമാന കാലങ്ങളെയാണ്. കഴിഞ്ഞ കാലം പോലെ തോന്നിക്കുന്ന (simulacra of the past) എന്തിനെയോ ഉല്പാദിപ്പിച്ച് അതിനെ സാധൂകരിക്കുവാന്‍ ഗൃഹാതുര വികാരത്തെ  പുരാവസ്തുക്കളിലൂടെ നിര്‍മ്മിച്ചെടുക്കുകയാണ് ഈ കൂട്ടാളികള്‍. അക്കാദമിക മേഖലയില്‍ പ്പോലും പൈതൃക വ്യവസായ ആശയങ്ങളുടെ വ്യാപനം കണ്ടു തുടങ്ങിയിട്ടുണ്ട്.

ഒരു ചെറിയ പൈതൃക മ്യൂസിയം പോലുമില്ലെങ്കില്‍ എന്തു ചരിത്രവകുപ്പെന്ന തോന്നലാണ് കോളേജുകളില്‍  പലര്‍ക്കും. നാക് (NAAC)  പോലെയുള്ള  റഗുലേറ്ററി കമീഷനുകള്‍ സന്ദര്‍ശനത്തിനു വരുമ്പോള്‍ ഇക്കൂട്ടര്‍ ആവേശത്തോടു കൂടി ആനയിക്കപ്പെടുന്നത് ഈ വക മ്യൂസിയങ്ങളിലേക്കാണ്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ വിചക്ഷണന്‍മാരുടെ ചിന്ത ഇതിനുമപ്പുറമാണ്. ബിരുദ തലത്തില്‍ ചരിത്രമെന്തിന് പഠിക്കണം, ബി.എ. ടൂറിസത്തിന്റെ കോംപ്ലിമെന്ററി കോഴ്‌സായി (സഹായക കോഴ്സ്) ചരിത്രത്തെ പരിഗണിച്ചാല്‍ പോരേ എന്നൊക്കെ ചോദിച്ചു തുടങ്ങിയിട്ടുണ്ട് ഇക്കൂട്ടര്‍. ടൂറിസം മേഖലയില്‍ ഗൈഡുകളായി പ്രവര്‍ത്തിക്കുമ്പോള്‍ കുറച്ചു ചരിത്രമെങ്കിലും പറയേണ്ടേ! ഇല്ലെങ്കില്‍, നമ്മുടെ ചരിത്രം മനസ്സിലാക്കി വരുന്ന വിദേശ സഞ്ചാരിക്കു മുന്നില്‍ ഇന്നാട്ടുകാരായ സഹായികള്‍  ഇളഭ്യരായി നില്‍ക്കേണ്ടി വരില്ലേയെന്നാണ് ഇവരുടെ ആശങ്ക. തട്ടിപ്പ് വീരന്മാരുടെ ‘പുരാതന’ ശേഖരത്തിലേക്ക് സഞ്ചാരികളെ ആനയിച്ചുകൊണ്ടുവന്ന് അവരോട് യാതൊരു ശങ്കയും ഇല്ലാതെ അവിടെയുള്ള വസ്തുക്കളെപ്പറ്റി കഥാകഥനം നടത്തുകയാവും ഇവരുടെ അന്നത്തെ ജോലി.

മോന്‍സണ്‍ എന്ന ഒറ്റയാളിലോ, അയാളാല്‍ വഞ്ചിതരാക്കപ്പെടാന്‍ നിന്ന് കൊടുത്ത താരമൂല്യമുള്ള വ്യക്തികളിലോ ചുറ്റിപ്പറ്റി ഈ ചര്‍ച്ചകള്‍ നിര്‍ത്തുകയല്ല വേണ്ടത്. ഒരു മോന്‍സണ്‍ പോയാല്‍ അതുപോലെ മറ്റൊരാള്‍ വരും, ഇപ്പോള്‍ തന്നെ നിരവധി മോന്‍സണ്‍മാര്‍ ഉണ്ടുതാനും. തങ്ങള്‍ നിര്‍മിക്കുന്നത് യഥാര്‍ത്ഥ വസ്തുവല്ല, അതിന്റെ പ്രതിരൂപം മാത്രമാണെന്ന് പറയുന്ന ഷോപ്പുകളില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും അവ വാങ്ങുന്ന ആളുകള്‍ കാലക്രമേണ അതിനെ യഥാര്‍ത്ഥ വസ്തുവുമായി ബന്ധിപ്പിക്കാന്‍ ഇടയുണ്ട്. ചിലപ്പോള്‍ ഒന്നുരണ്ട് തലമുറകള്‍ കഴിയുമ്പോള്‍ മുമ്പെങ്ങോ വാങ്ങിയ ഉരുപ്പടി പറച്ചിലിലൂടെയും നിരന്തര കാഴ്ചയിലൂടെയും യഥാര്‍ഥ വസ്തുവായി മറുപിറവി കൊള്ളുകയും ചെയ്യും. വാസ്തവത്തില്‍ ഇവിടുത്തെ പ്രശ്‌നം കപട പൈതൃക വസ്തുക്കളെ ഉപയോഗിച്ചുകൊണ്ട് കപടമായ ഓര്‍മകളെ സൃഷ്ടിക്കുന്നതാണ്. ഇങ്ങനെ നിര്‍മിക്കപ്പെടുന്ന വക്രീകരിക്കപ്പെട്ട ഓര്‍മകള്‍ കാലക്രമേണ ചരിത്രമായും സമൂഹത്തിന്റെ പൊതുബോധമായും മാറാനിടയുണ്ട്.

മിത്ത് ചരിത്രക്കുപ്പായം അണിയുമ്പോള്‍

പൊതുവില്‍ സമൂഹമാകെ ബാധിച്ച ചരിത്ര അജ്ഞതയാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രധാന കാരണം. സ്‌കൂള്‍ തലം മുതലുള്ള പാഠ്യപദ്ധതിയില്‍ സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ പ്രാധാന്യം, അതില്‍ തന്നെ ചരിത്രപഠനത്തിന് ഉണ്ടാകുന്ന അവഗണന തട്ടിപ്പുകാരുടെ വായ്ത്താരിയില്‍ പെട്ടന്ന് ഏത് പ്രമുഖനയും വീഴ്ത്താന്‍ പാകത്തിലുള്ളതാണ്. ചരിത്രമെന്ന പേരില്‍ പൈതൃക പഠനം വരുന്നതോടെ ചരിത്രമെന്ന ജ്ഞാനശാഖയുടെ സകല യുക്തി വിചാരങ്ങളെയും പിന്നാക്കം തള്ളി മിത്ത് ചരിത്രകുപ്പായം എടുത്തണിയുന്നു. പൈതൃകം എന്നാല്‍ മുന്‍കാലത്തെ ഏതോ രാജാവിന്റെ സിംഹാസനമോ, കഥയില്‍ പരിചയപ്പെട്ട പ്രവാചകന്‍മാരുടെ അവശേഷിപ്പോ, മണ്ണില്‍ കുഴിച്ചപ്പോള്‍ കിട്ടിയ പളുങ്കുപാത്രച്ചീളോ മാത്രം അല്ലെന്നും അത് അടിത്തട്ട് മനുഷ്യരുടെ സാമൂഹിക ജീവിതവുമായി, അവരുടെ ജീവിതസന്ധാരണവുമായി ബന്ധപ്പെട്ട ഒന്നാണെന്നുമുള്ള ധാരണയാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കേണ്ടത്. അത് ചെറിയ ക്ലാസുകളില്‍ മുതല്‍ ആരംഭിക്കുകയും വേണം. പ്രബല വ്യക്തിത്വങ്ങളുടെയും വരേണ്യ വിഭാഗങ്ങളുടെയും ശേഷിപ്പുകള്‍ മാത്രമല്ല, എളിയ മനുഷ്യരുടെ ജീവിത പരിസരവും കൂടി ചേര്‍ന്നതാണ് ചരിത്ര പൈതൃകമെന്നും അവയെ കണ്ടെത്തി അര്‍ഹിക്കുന്ന പ്രധാന്യത്തോടെ പരിഗണിക്കണമെന്നമുള്ള വലിയ ബോധ്യം സൃഷ്ടിക്കേണ്ടതുണ്ട്. വിശാലമായ സാമൂഹിക ലോകത്തെ തുറന്നുകാണിക്കുന്ന പാഠ്യപദ്ധതിയും ബോധന ശാസ്ത്രവും മാത്രമേ ഇതിനൊരു മറുമരുന്നായുള്ളൂ. അതിന് വൈകുവോളം ഇനിയും തട്ടിപ്പ് നടത്താന്‍ ധാരാളം മോന്‍സണ്‍മാരും ഇരയാകാന്‍ എണ്ണിയാലൊടുങ്ങാത്ത എണ്ണം ആളുകളും ഉണ്ടാവും.

വാലറ്റം: മോന്‍സണ്‍മാര്‍ ഇന്നു വില്‍ക്കുന്ന ‘മാര്‍ത്താണ്ഡവര്‍മ്മയുടെ ഉടവാള്‍’ ഒരു നൂറു വര്‍ഷത്തിനു ശേഷം യഥാര്‍ത്ഥ വാളായി ഏതെങ്കിലും പൈതൃക മ്യൂസിയത്തില്‍ കയറിപ്പറ്റിയേക്കാം!

- Advertisement -spot_imgspot_img
Latest news
- Advertisement -spot_img
Related news
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here