Friday, December 3, 2021

ഹൈഡ്രജന്‍ ബലൂണ്‍ വില്‍ക്കുന്ന സൂപ്പര്‍ സ്റ്റണ്ട്മാന്‍

- Advertisement -spot_imgspot_img
- Advertisement -spot_imgspot_img

4

ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 44-കവര്‍ ചിത്രത്തില്‍ നിന്ന്

ഹൈഡ്രജന്‍ ബലൂണ്‍
വില്‍ക്കുന്ന സൂപ്പര്‍ സ്റ്റണ്ട്മാന്‍

ലോകത്ത് ഏറ്റവും പണം വാരിക്കൂട്ടുന്ന ബോളിവുഡ് എന്ന വ്യവസായത്തിന്റെ കോവിഡുകാല തകര്‍ച്ച അടയാളപ്പെടുത്തുന്നു ട്രൂ കോപ്പി വെബ്‌സീന്‍. നടീനടന്മാര്‍ക്കൊപ്പം മേക്കപ്പ്മാന്‍ മുതല്‍ ലൈറ്റ്ബോയ് വരെയുള്ളവരുടെയും മറ്റു സാങ്കേതിക വിദഗ്ധരുടെയും താറുമാറായ ജീവിതകഥ പകര്‍ത്തുന്നത് ദീര്‍ഘകാലം മുംബൈ പ്രവാസിയായിരുന്ന കെ.സി. ജോസ്.

30 Sep 2021, 03:01 PM

കെ.സി.ജോസ്

ഹാനഗരത്തില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്.
അഡ്വാന്‍സ് ബുക്കിങ്ങ് ഇല്ല, ടിക്കറ്റിനായുള്ള വളഞ്ഞുപുളഞ്ഞ ക്യൂ ഇല്ല. ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ ഇപ്പോള്‍ എവിടെയായിരിക്കും? ഫിലിം സ്റ്റുഡിയോകള്‍ തെരുവുനായകളുടെ വിശ്രമകേന്ദ്രങ്ങളായിരിക്കുന്നു. ശൂന്യമായ തിയറ്ററുകളുടെ പടിക്കെട്ടുകളിലിരുന്ന് സെക്യൂരിറ്റി ഗാര്‍ഡുകള്‍ സായാഹ്ന പത്രം വായിക്കുകയോ അലസമായി പുക വലിക്കുകയോ ചെയ്യുന്നതു കാണാം.

കോവിഡിനുമുമ്പ് ഒരു വര്‍ഷം രണ്ടായിരത്തോളം സിനിമകളാണ് ബോളിവുഡില്‍ നിര്‍മിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ ചില നിര്‍മാതാക്കള്‍ പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത് ഭാഗ്യം പരീക്ഷിക്കുകയാണ്.

മുംബൈയിലെ പ്രധാന സ്റ്റുഡിയോകളായ ആര്‍.കെ. സ്റ്റുഡിയോ (ചെമ്പൂര്‍), ഫിലിം സിറ്റി (ഗോരെഗാവ്), രാജ്കമല്‍ സ്റ്റുഡിയോ (താര്‍ദേവ്), ഫിലിമിസ്താന്‍ (മലാഡ്), മെഹബൂബ് സ്റ്റുഡിയോ (ബാന്ദ്ര വെസ്റ്റ്) തുടങ്ങിയവ പ്രവര്‍ത്തനരഹിതമാണ്.

അന്ധേരി ഈസ്റ്റില്‍ പാഴ്സി പഞ്ചായത്ത് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഛോട്ടുഭായി ഡ്രസ്വാല, ബോളിവുഡ് നടീനടന്മാര്‍ക്കുള്ള സ്യൂട്ട്, കോട്ട്, വിഗ്ഗ് തുടങ്ങിയവയും മറ്റു കോസ്മെറ്റിക്സുകളും വാടകയ്ക്ക് നല്‍കുന്ന അറിയപ്പെടുന്ന സ്ഥാപനമാണ്. സിനിമാവ്യവസായം പ്രതിസന്ധിയിലായപ്പോള്‍ ഛോട്ടുഭായിയുടെ ബിസിനസും ശോഷിച്ചു.

ALSO READ

ഇപ്പോള്‍ ഓണ്‍ലൈനില്‍ ചെയ്തുകൊണ്ടിരിക്കുന്നതല്ല ഇ- ലേണിങ്

അനില്‍ ദാണ്ഡേക്കര്‍ എന്നയാള്‍ സിനിമാക്കാരുടെ വസ്ത്രങ്ങള്‍ തുന്നിത്തുന്നി ബോറിവിലി വെസ്റ്റിലെ പോഷ് ഏരിയയില്‍ ടു ബെഡ് റൂം കിച്ചണ്‍ സ്വന്തമാക്കുകയും രണ്ട് പെണ്‍കുട്ടികളുടെ വിവാഹം കേമമായി കഴിച്ചുവിടുകയും ചെയ്തു. ഛോട്ടുഭായിയുടെ തുന്നല്‍പണി (പീസ് വര്‍ക്ക്) ചെയ്യുന്ന മുളുണ്ട് വെസ്റ്റിലെ മുളോബ ടൈലേഴ്സ്, ചെമ്പൂരിലെ അപ്സര ടൈലേഴ്സ്, അല്‍ക്കാ ടെയ്ലേഴ്സ് തുടങ്ങിയവയ്ക്ക് ഇപ്പോള്‍ കാര്യമായ വരുമാനമില്ല. തങ്ങളുടെ ഷോപ്പുകളില്‍ അവര്‍ ചടഞ്ഞുകൂടിയിരിപ്പാണ്.
ഗുജറാത്തികള്‍ തിങ്ങിത്താമസിക്കുന്ന മുളുണ്ട്, ഘാട്കോപ്പര്‍, ബോറിവിലി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഗുജ് നാടകശാലകളില്‍ ഒരു നാടകവും ഇപ്പോള്‍ കളിക്കുന്നില്ല. സെക്സിന്റെ അതിപ്രസരമുള്ള ഗുജറാത്തി നാടകങ്ങള്‍ കാണാന്‍ ഷെയര്‍മാര്‍ക്കറ്റിലെ ദല്ലാള്‍മാരാണ് അധികവും എത്തുക. കാജല്‍ ആഡ്സ് (അന്ധേരി)- ഗുജറാത്തി നാടകപരസ്യങ്ങള്‍ പത്രങ്ങളില്‍ നല്‍കാറുള്ള പ്രധാന ഏജന്‍സി അടച്ചു. ജെനിഫര്‍ കപൂറും ഭര്‍ത്താവ് ശശികപൂറും നസറുദ്ദീന്‍ഷായും ആഡ്ഗുരു അലിക് പദംസിയും ഭാര്യ പേള്‍ പദംസിയും ബോമന്‍ ഇറാനിയുമെല്ലാം അഭിനയിക്കുന്ന ഇംഗ്ലീഷ് നാടകങ്ങള്‍ നരിമാന്‍ പോയിന്റിലെ എന്‍.സി.പി.എ. ഹാളില്‍ പതിവായി അരങ്ങേറാറുണ്ട്.  എന്‍.സി.പി.എ. ഏതാണ്ട് അടഞ്ഞ നിലയിലാണിപ്പോള്‍. അവിടെ പരിപാടികളില്ല. 3000ത്തിലധികം തമാശ കലാകാരന്മാര്‍ക്കൊപ്പം സൗണ്ട് ഓപ്പറേറ്റര്‍മാരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും സമാനജോലിയില്‍ ഏര്‍പ്പെട്ടവരും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പെടാപാട് പെടുകയാണ്.

osters.jpg ദാദറിലെ സ്റ്റുഡിയോ രണദിവേ സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാരുടേയും മറാഠി ചലച്ചിത്രകാരന്മാരുടെയും കേന്ദ്രമാണ്. എന്റെ സുഹൃത്തുക്കളായ കിഷോര്‍ രണദിവയെയും മൈക്കിള്‍ ഡിസൂസയേയും കാണാന്‍ ശനിയാഴ്ച വൈകുന്നേരങ്ങളില്‍ അവിടെ  പോകാറുണ്ട്.
മൈക്കിള്‍ ഡിസൂസ ഫിലിം സ്റ്റുഡിയോകളിലെത്തി ഹീറോ, ഹീറോയിന്‍, വില്ലന്‍മാരുടെ ഫോട്ടോ എടുത്ത് അവ സിനിമാമാസികകള്‍ക്ക് നല്കുന്ന സിദ്ധിവൈഭവമുള്ള ഫോട്ടോഗ്രാഫറാണ്. ഫിലിം സ്റ്റുഡിയോകള്‍ക്ക്  ഷട്ടറിട്ടതിനാല്‍ മൈക്കിളിന്റെ അന്നം മുട്ടി. സിനിമയുമായി ബന്ധപ്പെട്ട, അതിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ വേറെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ബാപ്പു സമേള്‍ പച്ചക്കറി വില്‍ക്കുമ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സംഗീത സമ്പന്നരുടെ വീട്ടില്‍ അടുക്കളപ്പണി ചെയ്യുകയാണ്. നേഹ കുല്‍ക്കര്‍ണി എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് സഹായി സാന്റാക്രൂസിലെ തന്റെ ഒറ്റമുറി ചോളിലെ വീട്ടില്‍ത്തന്നെ ‘പാലന്‍ ഘര്‍’ (കുട്ടികളെ നോക്കുന്ന ഇടം) തട്ടിക്കൂട്ടാനുള്ള ശ്രമത്തിലാണ്. കോവിഡ് വിട്ടുമാറാത്ത അവസ്ഥയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ നേഹയുടെ പാലന്‍ ഘറില്‍ പറഞ്ഞയക്കുമോ എന്ന സംശയം അവര്‍ക്കുണ്ട്. ഒരു സ്റ്റുഡിയോയുടെ കാരവന്‍ ഡ്രൈവര്‍ മാരു കോള്‍ ടാക്സി ഡൈവറായി മാറി. അയാള്‍ക്കും ഓട്ടമില്ല.

മഹാനഗരത്തില്‍ സെന്‍ട്രല്‍ സ്റ്റേഷനിലിറങ്ങി അല്പം ദൂരം നടന്നാല്‍ പ്രധാന ചുവന്ന തെരുവായ കാമാഠിപുരയിലെത്താം. ശബ്ദമുഖരിതമായിരുന്ന ഈ ചുവന്ന തെരുവില്‍ ഇപ്പോള്‍ വലിയ തിരക്കില്ല. കാമാഠിപുരയിലെ വേശ്യാഗൃഹങ്ങളുടെ ബാല്‍ക്കണികളില്‍നിന്ന് ആഭാസമായ ഗോഷ്ഠികള്‍ കാണിച്ച് വഴിപോക്കരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന പാവപ്പെട്ട ആ സ്ത്രീകളുടെ നിര ഇപ്പോളവിടെ കാണുന്നില്ല. കെട്ടിടങ്ങളുടെ താഴെ പേവ്മെന്റില്‍ കയര്‍കട്ടിലില്‍ ചടഞ്ഞിരുന്ന് തമ്പാക്ക് ചവയ്ക്കുന്ന രണ്ടുമൂന്ന് ഘര്‍വാലികളും (വേശ്യാഗൃഹ നടത്തിപ്പുകാരികള്‍) ചില  ‘പിമ്പു’കളും വെടിപറഞ്ഞിരിക്കുന്നതൊഴികെ കാമാഠിപുര ഇപ്പോള്‍ തികച്ചും ശൂന്യമാണ്.
ചരക്കുലോറികളുടെ ഡ്രൈവര്‍മാര്‍, കേരളത്തില്‍നിന്ന് ഗള്‍ഫ് സ്വപ്നവുമായി മുംബൈയിലെത്തി വിസ കാത്തിരിക്കുന്ന മലയാളികള്‍, മറ്റ് വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇടയ്ക്കൊരു  ‘ശയന സുഖ’ത്തിന്? കാമാഠിപുരയിലെത്തുന്ന സ്ഥിരം കാഴ്ച ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു.

ALSO READ

മോന്‍സണ്‍ ഫാക്ടറിയിലെ പൈതൃക നിര്‍മാണവും ഉമ്പര്‍തോ എക്കോയുടെ കുരിശും

ബല്‍ബീര്‍സിങ്ങിനെ ഞാന്‍ പരിചയപ്പെടുന്നത് ബോറിവിലി ഇമ്മാകുലേറ്റ് ചര്‍ച്ച് പരിസരത്ത് വെച്ചാണ്; അതും ഒരു ക്രിസ്മസ് ഈവിന്. അരോഗദൃഢഗാത്രനായ, വിരിഞ്ഞ മാറും ബലിഷ്ഠകരങ്ങളും ഉള്ള ഈ ഹരിയാനക്കാരന്‍ ഹിന്ദി സിനിമകളില്‍ സ്റ്റണ്ട്മാനായാണ് പ്രത്യക്ഷപ്പെടുക. വിനോദ് ഖന്ന, ഡാനി ഡെന്‍ സോംങ്ക്പാ, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവരുടെ ഇടിരംഗങ്ങളില്‍ ഡ്യൂപ്ലിക്കേറ്റായി ബല്‍ബീര്‍ പ്രത്യക്ഷപ്പെട്ടു. അന്ന്, ആ ക്രിസ്മസ് തലേന്ന് ഇദ്ദേഹം ഹൈഡ്രജന്‍ ബലൂണ്‍ വിറ്റുകൊണ്ടിരിക്കുകയായിരുന്നു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഓര്‍ഗനൈസേഷന്‍ എന്ന പേരിലുള്ള സംഘടനയുടെ ഓഫീസ് അന്ധേരി ഈസ്റ്റിലെ റെയില്‍വേ ട്രാക്കിന് സമീപമാണ്. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന വ്യക്തി​കള്‍ നല്ല ലാഭം കൊയ്യുന്നുണ്ടാകുമെന്ന് തോന്നുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഇനി സ്റ്റുഡിയോ പടിവാതിലില്‍ കാത്തുനിന്നിട്ട് ഒരു പ്രയോജനവുമില്ലെന്ന് ചുരുക്കിപ്പറയട്ടെ. ‘ഇന്ത്യയിലെ മാഞ്ചസ്റ്റര്‍’ എന്ന് ലോകം വിളിച്ചിരുന്ന ബോംബെ മില്ലുകള്‍ ഷോപ്പിങ്ങ് മാളുകള്‍ക്ക് വഴിമാറി കാലം കുറെയായി. കോര്‍പറേറ്റ് കമ്പനികളുടെ പോഷ് ഓഫീസുകളാണ് ഇപ്പോള്‍ അവിടെ ഉള്ളത്. ഫിലിം സ്റ്റുഡിയോകള്‍ക്ക് ഇത്തരമൊരു ഗതി വരുമോ എന്ന് അറിഞ്ഞുകൂടാ.

അന്നം മുട്ടിയ ആര്‍ട്ടിസ്റ്റുമാരുടെ ബോളിവുഡ്
മുംബൈയുടെ കോവിഡുകാല ജീവിതം
കെ.സി. ജോസ് എഴുതിയ ലേഖനം വായിക്കാം, കേള്‍ക്കാം
ട്രൂ കോപ്പി വെബ്‌സന്‍ പാക്കറ്റ് 44

- Advertisement -spot_imgspot_img
Latest news
- Advertisement -spot_img
Related news
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here